Latest Updates

കൊച്ചി: വയനാട്ടിലെ മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ എഴുതി തള്ളുന്നതിൽ കേന്ദ്രസർക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം. അടുത്ത മാസം 10 നകം തീരുമാനം അറിയിക്കണമെന്ന് ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഇത് അവസാന അവസരമെന്നും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറലിനോട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ സ്വീകരിച്ച ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്. ദുരന്തബാധിതരുടെ ബാങ്കു വായ്പകൾ എഴുതിതള്ളുന്നതിൽ എന്തു തീരുമാനമെടുത്തുവെന്ന് ഹർജി പരി​ഗണിച്ചയുടൻ കോടതി കേന്ദ്രസർക്കാരിനോട് ആരാഞ്ഞു. തീരുമാനമെടുത്തിട്ടില്ലന്നും നാലാഴ്ച കൂടി സമയം വേണമെന്നും കേന്ദ്ര സർക്കാർ മറുപടി നൽകി. ഇതോടെയാണ് ഹൈക്കോടതി നിലപാട് കടുപ്പിച്ചത്. സെപ്റ്റംബർ 10 നകം തീരുമാനമെടുത്ത് കേന്ദ്ര സർക്കാർ കോടതിയെ അറിയിക്കണം. അവസാനമായി ഒരവസരം കൂടി നൽകുകയാണ്. ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ പറഞ്ഞു. ഓണത്തിന് ശേഷം തീരുമാനം അറിയിക്കാമെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ സുന്ദരേശൻ കോടതിയെ അറിയിച്ചു. ദുരിതബാധിതരുടെ വായ്പ കേരള ബാങ്ക് എഴുതിത്തള്ളിയിരുന്നു. ഇതേരീതിയിൽ എന്തുകൊണ്ട് കേന്ദ്ര സർക്കാരിന് വായ്പ എഴുതിത്തള്ളിക്കൂട എന്നാണ് ഹൈക്കോടതി ആവർത്തിച്ച് ചോദിച്ചിരുന്നു. എന്നാൽ വായ്പ എഴുതിത്തള്ളലിൽ കേന്ദ്രസർക്കാർ ഇതുവരെ മറുപടി അറിയിച്ചിട്ടില്ലെന്നാണ് അഡീഷണൽ സോളിസിറ്റർ ജനറൽ വ്യക്തമാക്കിയത്. തുടർന്ന് കേസ് സെപ്റ്റംബർ 10 ലേക്ക് മാറ്റി. അതിനകം തീരുമാനം അറിയിക്കണമെന്ന് കർശന നിർദേശം നൽകുകയും ചെയ്തു.

Get Newsletter

Advertisement

PREVIOUS Choice